ജ്യോതിഷം – പുതിയ പ്രതിഭകൾ ഉണരണം
- Details
- Created: Sunday, 02 April 2017 19:28
- Last Updated: Sunday, 02 April 2017 19:31
- Hits: 838
ലേഖകന്‍ - കെ. ചന്ദ്രഹരി
ജ്യോതിർഗണിതത്തിന്റെ പശ്ചാത്തലമാകെത്തന്നെ മാറ്റി മറിക്കുന്ന സാങ്കേതികപുരോഗതിയാണ് സോഫ്റ്റ്വൈയറുകൾ കാഴ്ച വെച്ചത്. അതിസൂക്ഷ്മമായ ഗണിതം നിഷ്പ്രയാസം വിരൽതുമ്പിൽ ലഭ്യമാണിന്ന്. പ്രധാനപ്പെട്ട പലകൃതികളും ഗൂഗിളിൽ തന്നെ ലഭ്യമാണ്. ആശയവിനിമയത്തിന് ധാരാളം വേദികൾ ലഭ്യമാണ്. ഭൂമിയാകെ ഒരു ജ്യോതിഷഗ്രാമമായി മാറിയിരിക്കുന്നു.
പക്ഷെ, നമുക്ക് പുതിയതായി എന്തെങ്കിലും ചിന്തിക്കാനാകുന്നുണ്ടോ?
ഗണിതം സ്ഥൂലമായിരുന്ന കാലത്ത് – കഷ്ടിച്ച് കലാദിസ്ഫുടം ഒപ്പിച്ചെടുക്കാൻ ജ്യോതിഃശാസ്ത്രജ്ഞന്മാർ കഷ്ടപ്പെട്ടിരുന്ന കാലത്ത് സിദ്ധപ്രജ്ഞയിൽ വിരിഞ്ഞവയാണ് ഹോരാസിദ്ധാന്തങ്ങൾ. അവയൊന്നും തന്നെ ടി ശാസ്ത്രത്തിന് അവസാന വാക്കല്ല. പഴയകാലത്ത് ഉയിർകൊണ്ട ഹോരാതത്ത്വങ്ങൾക്ക് ഗണിതത്തിന്റെ സൂക്ഷ്മതയുടെ ഇന്നത്തെ പരമകാഷ്ഠയിൽ പുതിയ പ്രയോഗങ്ങൾ സാദ്ധ്യമല്ലേ?
ശ്രീനാഥ് വെബ്സൈറ്റ് തുടങ്ങിയത് വളരെ നല്ല ശ്രമമാണ്. പഴയകാലത്ത് ഉണ്ടായിരുന്ന ദി അസ്ട്രോളക്കിൽ മാഗസിനും (ശ്രീ. ബി.വി. രാമൻ), ദി ടൈംസ് ആഫ് അസ്ട്രോളജിയും (ശ്രീ.സന്താനം) ഒക്കെ ഒന്നോർത്തു നോക്കൂ. കഴിഞ്ഞ നൂറ്റാണ്ട് അവസാനിക്കുന്നതിന് മുമ്പ് വരെ വളരെ ശ്രദ്ധേയമായ പഠനങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. ശ്രീ. ബി. രാമനും ശ്രീ സന്താനവും കൂടാതെ ശ്രീ ഇരംകണ്ടി രംഗാചാര്യയെ ഓർക്കുന്നു. ശ്രീ. ചന്ദുലാൽ പട്ടേലിനെ ഓർക്കുന്നു (ഇവരെയൊക്കെ നേരിൽ കാണുക ഉണ്ടായിട്ടുണ്ട്).. ശ്രീ. കേശവമേനോൻ (കണ്ടിട്ടില്ല) ഇങ്ങനെ നിരവധി പേരുകൾ ഒരു കാലത്ത് ജ്യോതിഷം പഠിച്ചിരുന്നവർക്ക് പ്രചോദനമായിരുന്നു.
യുക്തിവാദത്തിന് മുമ്പിൽ മുട്ടുമടങ്ങാത്ത, ഈ വിശ്വമാകെ, ജീവരാശിയെയാകെ അനുഗ്രഹിച്ചു നിൽക്കുന്ന അതീന്ദ്രിയശക്തിവിശേഷത്തിന് ഒരു ഗണിതം ഉണ്ടെന്നും ടി ഗണിതഫലം അവശ്യമായ നിഷ്ഠയോടെ പിന്തുടർന്നാൽ സത്യം വെളിവാകുന്നതാണെന്നും നമുക്ക് സ്ഥാപിക്കുവാൻ കഴിയണം.
സൂക്ഷ്മഗണിതത്തിന്റെ സാദ്ധ്യതകൾ വളരെ ഏറെയാണ്. സൂക്ഷ്മഗണിതത്തിന് സാദ്ധ്യതകൾ ഇല്ലെന്നു വന്നാലോ?
ജ്യോതിഷം ഹോരയുടെ പഴയപതിപ്പുകളിൽ മാത്രം ഒതുങ്ങി നിന്നാൽ അതിന്റെ അർത്ഥം ഗണിതം ആത്മാവായ ഈ ശാസ്ത്രത്തിൽ സാങ്കേതികപുരോഗതികൾ നിഷ്പ്രയോജനം എന്നാണ്. ജ്യോതിഷം കപടശാസ്ത്രമെന്ന് അവമതിക്കപ്പെടും. സൂക്ഷ്മഗണിതത്തിന്റെ, നവീനസാങ്കേതികവിദ്യയുടെ പ്രയോഗസാദ്ധ്യതകളും അവയുടെ പ്രയോജനവും സമൂഹത്തെ ബോദ്ധ്യപ്പെടുത്തുവാൻ നാം ബാദ്ധ്യസ്ഥരാണ്.
ഓരോ കാലത്തിനും ഓരോ നിയോഗമുണ്ട്. അതറിഞ്ഞു പ്രവർത്തിക്കുമ്പോഴാണ് മഹാകാലപ്രഭൃതികളായ സിദ്ധപരമ്പരയുടെ അനുഗ്രഹം കിട്ടുക.
കെ. ചന്ദ്രഹരി
02-04-17 23.00
You are not authorised to post comments.