നിദേശഗ്രന്ഥയോഃ ശാസ്ത്രം
- Details
- Created: Wednesday, 21 March 2018 12:38
- Last Updated: Wednesday, 21 March 2018 12:45
- Hits: 2263
ലേഖകന്: ഉണ്ണിക്കൃഷ്ണപണിക്കര്
‘നിദേശഗ്രന്ഥയോഃ ശാസ്ത്രം’ എന്ന് അമരകോശം പറയുന്നു. ആജ്ഞയുടേയോ സ്മൃത്യാദിഗ്രന്ഥങ്ങളുടെയോ പേരാണു ‘ശാസ്ത്രം’. ശാസിക്കുന്നത് എന്തോ, അതു ശാസ്ത്രം. ഇന്നിന്നപ്രകാരമെന്നുപദേശിക്കുന്നതിനെയാണു ശാസന എന്നു പറയുന്നതെന്ന് അമരകോശവ്യാഖ്യാനത്തിൽ കാണുന്നു. അതായത്, എന്ത് എങ്ങനെയാണെന്നും എങ്ങനെ വേണമെന്നും ആജ്ഞാരൂപേണ നിർദ്ദേശിക്കുന്നതിനെ – അങ്ങനെ നിർദ്ദേശിക്കുന്ന ഗ്രന്ഥങ്ങളെയും – സാമാന്യമായി ശാസ്ത്രമെന്നു പറയാം. അങ്ങനെ നോക്കിയാൽ, ജ്യോതിഷം ശാസ്ത്രമാണോ എന്ന ചോദ്യത്തെ വേറൊരു മട്ടിൽ മനസ്സിലാക്കാം എന്നു വരുന്നു, അഥവാ ജ്യോതിഷം ശാസ്ത്രമാണോ എന്ന ചോദ്യത്തിനു വ്യക്തവും സ്പഷ്ടവുമായി ‘അതെ’ എന്നുത്തരം പറയാമെന്നു വരുന്നു. ശാസ്ത്രം എന്ന പദത്തെ ശരിയാംവണ്ണം നിർവ്വചിച്ചാൽ ജ്യോതിഷം ശാസ്ത്രം തന്നെയാണ്. മറ്റൊരു തരത്തിൽ പറഞ്ഞാൽ, ജ്യോതിഷം ശാസ്ത്രമാണോ എന്ന ചോദ്യവും, ജ്യോതിഷം സയൻസാണോ എന്ന ചോദ്യവും, രണ്ടും രണ്ടു ചോദ്യങ്ങളാണ്.
പുരാതനകാലത്ത് വ്യക്തവും സ്പഷ്ടവുമായ അർത്ഥമുണ്ടായിരുന്ന പദങ്ങളാണ് ‘ശാസ്ത്ര’വും ‘ഗ്രഹ’വുമെല്ലാം. സൂര്യൻ ഗ്രഹമാണോ എന്ന ചോദ്യത്തിന് അതേ എന്നു തന്നെയാണുത്തരം. ഇങ്ങനെയുള്ള പദങ്ങളിലേക്ക് വ്യത്യസ്തവും പുതിയതുമായ അർത്ഥങ്ങൾ കൊണ്ടുവരികയും ആ പദങ്ങളുടെ യഥാർത്ഥമായ ഉള്ളടക്കത്തെ മറച്ചുവെയ്ക്കുകയും ചെയ്യുന്നതിൽ ശരികേടുണ്ട്. പദങ്ങൾക്ക് ഇങ്ങനെയുള്ള അർത്ഥലോപങ്ങളോ അർത്ഥാന്തരങ്ങളോ വന്നുകൂടാത്തതാണ് എന്നൊരു പക്ഷമുണ്ട്.
“നിത്യാഃ ശബ്ദാർത്ഥസംബന്ധാസ്തത്രാമ്നാതാ മഹർഷിഭിഃ
സൂത്രാണാമനുതന്ത്രാണാം ഭാഷ്യാണാം ച പ്രണേതൃഭിഃ”
എന്നു പറയുന്നു വാക്യപദീയം. ശബ്ദവും അർത്ഥവും തമ്മിലുള്ള ബന്ധം നിത്യമാണ് എന്നതു വൈയാകരണന്മാരെല്ലാം പറഞ്ഞിട്ടുള്ള കാര്യമാണ്. ഭർതൃഹരിയുടെ ദർശനമനുസരിച്ച് പദങ്ങളിലേക്ക് പുതിയ അർത്ഥങ്ങളെ നിവേശിപ്പിക്കുന്നതു ശരിയല്ല. ഇതൊക്കെ പറയുന്നതു കൊണ്ട് വിശേഷിച്ചു പ്രയോജനമൊന്നുമില്ലെന്നു തോന്നുന്നു. നമ്മുടെ സർവ്വകലാശാലാസംസ്കൃതവിദ്യാർത്ഥികൾക്ക് സാധാരണപദങ്ങൾ പോലും നേരാംവണ്ണം എഴുതാനറിയില്ല എന്നു നമ്മുടെ കവികൾ തന്നെ പറഞ്ഞു തുടങ്ങിയിരിക്കുന്ന സ്ഥിതിക്ക് ഭർതൃഹരിയേയോ വാക്യപദീയത്തെയോ ഉദ്ധരിക്കുന്നതു കൊണ്ട് എന്തു പ്രയോജനം?
പറയാൻ വന്നതു പദങ്ങൾക്കും അർത്ഥങ്ങൾക്കും കാലക്രമേണ വരുന്ന മാറ്റങ്ങളെക്കുറിച്ചു മാത്രമായിരുന്നില്ല. ജ്യോതിഷത്തെക്കുറിച്ചുള്ള സമൂഹത്തിന്റെ പൊതുബോധം കാലക്രമേണ മാറി വരുന്നതിനെക്കുറിച്ചു കൂടിയാണ്. ഒരു പദത്തിന്റെ അർത്ഥം സാവധാനം ഭാഷയിൽ മാറിവരുന്നതു പോലെ, ജ്യോതിഷത്തെ കുറിച്ചുള്ള പൊതുബോധത്തിലും സാവധാനം മാറ്റമുണ്ടാവുന്നുണ്ടെന്നതു എല്ലാവർക്കും, പ്രത്യേകിച്ച് ജ്യോതിഷികൾക്ക്, അറിയാവുന്ന കാര്യമാണ്. ജ്യോതിഷത്തെ ശാസ്ത്രമായി ഗണിക്കണോ വേണ്ടയോ എന്നുള്ളതല്ല, ഇന്നു ജ്യോതിഷത്തെ വിമർശിക്കുന്നവരുടെ വാദങ്ങളുമല്ല വിവക്ഷ. ആധുനികകാലത്തിൽ നിന്നും വർത്തമാനകാലത്തിൽ നിന്നും വിട്ട്, ജ്യോതിഷത്തെയും അതിനെക്കുറിച്ചുള്ള ധാരണകളെയും വലിയൊരു ചരിത്രപശ്ചാത്തലത്തിലൂടെ വായിക്കേണ്ടതിന്റെ ആവശ്യകതയെയാണു സൂചിപ്പിച്ചത്. വിവിധസംസ്കാരങ്ങളിൽ വിഭിന്നങ്ങളായ കാലങ്ങളിൽ സമൂഹം ജ്യോതിഷത്തോടു പുലർത്തിപ്പോന്നിരുന്ന നിലപാടുകളിൽ മാറ്റങ്ങളുണ്ടായിട്ടുണ്ട്. ഈ മാറ്റങ്ങൾ പ്രധാനമാണ്. ഇതിനെക്കുറിച്ചു പഠിക്കുന്നത് പുരാതനസംസ്കാരങ്ങളുടെ ചരിത്രം മനസ്സിലാക്കുന്നതിനെ വലിയതോതിൽ സഹായിക്കും എന്നാണ്, ഈ വിഷയങ്ങളിൽ പരിമിതമായ അറിവു മാത്രമുള്ള, എന്റെ ബോധ്യം. നിർഭാഗ്യവശാൽ ചരിത്രകാരന്മാർ അവഗണിക്കുന്ന മേഖലയാണ് ജ്യോതിഷചരിത്രം. ജ്യോതിഷത്തിന്റെ ചരിത്രത്തെക്കുറിച്ചു പൊതുവേയും ഭാരതീയജ്യോതിഷത്തിന്റെ ചരിത്രത്തെക്കുറിച്ചു പ്രത്യേകിച്ചും ആഴത്തിലുള്ള പഠനങ്ങൾ വളരെക്കുറവാണ്.
റോമൻ സാമ്രാജ്യത്തിലെ പ്രഭുക്കന്മാർക്കും രാജകുടുംബാംഗങ്ങൾക്കുമിടയിൽ സമുന്നതമായ സ്ഥാനം ജ്യോതിഷത്തിനുണ്ടായിരുന്നു എന്നതൊരു ചരിത്രവസ്തുതയാണ്. (അതേക്കുറിച്ചു മുൻപും ഞാനിവിടെ എഴുതിയിട്ടുണ്ട്.) മെസപ്പൊട്ടേമിയയിലെ ചക്രവർത്തിമാരിൽ ചിലർ തങ്ങളുടെ പിന്മുറക്കാരെ നിശ്ചയിച്ചിരുന്നതു പോലും ദൈവജ്ഞരോട് അന്വേഷിച്ചതിനു ശേഷമായിരുന്നു. ഇരുപത്തിയാറോ ഇരുപത്തിയേഴോ നൂറ്റാണ്ടുകൾക്കു മുൻപ് അസീറിയ ഭരിച്ചിരുന്ന അതിപ്രഗത്ഭനായ അശുർബാനിപാലിനെ, അദ്ദേഹത്തിന്റെ പിതാവ് തെരഞ്ഞെടുത്തത് ദേവഹിതം ആരാഞ്ഞതിനു ശേഷമായിരുന്നു എന്നു ചരിത്രകാരന്മാർ പറയുന്നു. കൊട്ടാരങ്ങളിലെ ഉപജാപങ്ങൾ തിരിച്ചറിയാൻ ദേവഹിതമാരായുന്ന രീതിയും അസീറിയയിലുണ്ടായിരുന്നുവെന്നു പറയുന്നു.
റോമിലെയും അസീറിയയിലെയും ചരിത്രത്തിൽ മാത്രമല്ല ജ്യോതിഷികൾക്കു പ്രാധാന്യമുള്ളത്. വരാഹമിഹിരാചാര്യൻ വിക്രമാദിത്യസദസ്സിലെ നവരത്നങ്ങളിൽ ഒരു രത്നമായിരുന്നു എന്നും പറയുന്നില്ലേ? (ആനുഷംഗികമായി ഒരു കാര്യം കൂടി: തരണനല്ലൂർ നമ്പൂതിരിപ്പാട് തന്ത്രത്തെക്കുറിച്ചും ജ്യോതിഷത്തെക്കുറിച്ചും ചിലതു പറഞ്ഞിരുന്നുവല്ലോ. ജ്യോതിഷവും തന്ത്രവുമായി ബന്ധമൊന്നുമില്ലെന്നും ഇടക്കാലത്തെങ്ങോ ആണ് ജ്യോതിഷം താന്ത്രികവിഷയങ്ങളിൽ പിടിമുറുക്കിയതെന്നും അദ്ദേഹം പ്രസ്താവിക്കുകയുണ്ടായി. വാസ്തവത്തിൽ തന്ത്രസംബന്ധമായ പരാമർശങ്ങൾ - സപ്തമാതൃക്കളെ ക്കുറിച്ച് – ആദ്യമുണ്ടാവുന്ന കൃതികളിലൊന്ന് വരാഹമിഹിരന്റെ ബൃഹദ്സംഹിതയാണ്. ബാണന്റെ ഹർഷചരിതമാണ് പിന്നീട് താന്ത്രികവിഷയങ്ങളെക്കുറിച്ചു പരാമർശമുള്ള ഗ്രന്ഥം. അത് വരാഹമിഹിരനു ശേഷമുണ്ടാവുന്ന കൃതിയാണ്. താന്ത്രികതയെക്കുറിച്ച് പരാമർശം ഏറ്റവുമാദ്യമുണ്ടാവുന്നത് ഒരു ജ്യോതിഷഗ്രന്ഥത്തിലാണ് എന്ന കാര്യം തരണനല്ലൂരിന്റെ പ്രസ്താവനയുടെ വെളിച്ചത്തിൽ നോക്കുമ്പോൾ രസകരമായിത്തോന്നുന്നു.)
ജ്യോതിഷത്തിന്റെ ഫലപ്രവചനഭാഗത്തിലേക്കൊന്നും കടക്കാതെയും ജ്യോതിഷചരിത്രത്തിൽ ചരിത്രകാരന്മാർക്കു താത്പര്യം കാണിക്കാമല്ലോ. ടാംസിൻ ബാർട്ടൺ എന്നൊരു പാശ്ചാത്യചിന്തകൻ മുന്നോട്ടു വെയ്ക്കുന്ന ഒരു സിദ്ധാന്തമുണ്ട്. പുരാതനസംസ്കാരങ്ങളിൽ ജ്യോതിഷത്തിൽ നിരുപാധികമായ വിശ്വാസം ജനങ്ങൾക്കും രാജാക്കന്മാർക്കുമുണ്ടായിരുന്നു. ഇത്, ജ്യോതിഷത്തിന്റെ സത്യത്തെക്കുറിച്ച് ആ സംസ്കാരങ്ങളിൽ അഭിപ്രായൈക്യമോ സർവ്വസമ്മതിയോ ഉണ്ടാക്കിയിരിക്കാമെന്നും, ഈ സർവ്വസമ്മതി പുരാതനസംസ്കാരങ്ങളിൽ ജ്യോതിഷത്തിന് അതിന്റേതായ അധികാരസ്വഭാവം നിർമ്മിച്ചിരിക്കാമെന്നും അദ്ദേഹം പറയുന്നു. ജ്യോതിഷത്തിന്റെ ഈ അധികാരസ്വഭാവത്തെ കൈയ്യൊഴിയാൻ ഭരണകൂടങ്ങൾക്കാവുമായിരുന്നില്ല. അതായത്, ജ്യോതിഷത്തിലുള്ള സമൂഹത്തിന്റെ നിരുപാധികമായ വിശ്വാസം അതിനെ തള്ളിപ്പറയുന്നതിൽ നിന്ന് ഭരണകൂടങ്ങളെ പിന്തിരിപ്പിച്ചു. ജ്യോതിഷത്തിൽ വിശ്വസിച്ചുകൊണ്ടേ അധികാരം കയ്യാളാനാവൂ എന്നു വന്നു. ഈ യുക്തി എനിക്കു വളരെ കൗതുകകരമായി തോന്നി.
ഇങ്ങനെയുള്ള യുക്തികളൊന്നും ഭാരതീയരായ ചരിത്രകാരന്മാർ മുന്നോട്ടുവെച്ചു കണ്ടിട്ടില്ല. വരാഹമിഹിരനും കല്യാണവർമ്മനുമൊക്കെ അന്നത്തെ ഭരണകൂടങ്ങളിൽ ഏതുവിധമായിരുന്നിരിക്കും ഇടപെട്ടിരുന്നത്? നമ്മുടെ ചരിത്രമേഖലയിൽ ഈ വിഷയങ്ങളിൽ താത്പര്യം കാണുന്നില്ല എന്നതു ദുഃഖകരമാണ്.
ചരിത്രപഠനമേഖലയിൽ ജ്യോതിഷചരിത്രം പിന്തള്ളപ്പെട്ടുപോവാൻ എന്തായിരിക്കും കാരണം? പല കാരണങ്ങളുമുണ്ടെന്നു തോന്നുന്നു. ഒരു കാരണം, സ്വന്തം പൈതൃകത്തെ നിരന്തരം ഭർത്സിക്കുന്നത് പുരോഗമനപരതയുടെ ലക്ഷണമാണ് എന്ന ബോധം നമ്മുടെ ചരിത്രകാരന്മാരിൽ രൂഢമൂലമാണ് എന്നതാണ്. ലോകത്തിലെ ഏറ്റവും പഴയ സംസ്കാരങ്ങളിലൊന്നിനെക്കുറിച്ച് ദ്വിജേന്ദ്രനാരായൺ ഝാ എഴുതുന്നതിങ്ങനെയാണ്: “ഹിന്ദൂയിസം എന്നത് കൊളോണിയൽ കാലഘട്ടത്തിന്റെ ഒരു സൃഷ്ടിയാണ്, അല്ലാതെ യാതൊരു പാരമ്പര്യവും ഇതിന് അവകാശപ്പെടാനില്ല. [...] യഥാർത്ഥത്തിൽ ഹിന്ദുമതം എന്നത് ലോകത്തുള്ളതിൽ വെച്ച് ഏറ്റവും പ്രായം കുറഞ്ഞതും ബ്രിട്ടീഷുകാരാൽ ജനകീയവൽക്കരിച്ച പത്തൊൻപതാം നൂറ്റാണ്ടിലെ നവസിദ്ധാന്തവുമാണ്.” ജ്യോതിഷത്തിന്റെ കാര്യം വിടൂ, ഇങ്ങനെയുള്ള ചരിത്രകാരന്മാരുള്ള നാട്ടിൽ എങ്ങനെയാണ് നിഷ്പക്ഷമായ ചരിത്രപഠനം തന്നെ നടക്കുമെന്നു കരുതാനാവുക?
ജ്യോതിഷചരിത്രപഠനം അവഗണിക്കപ്പെടാൻ വേറൊരു കാരണവുമുണ്ട്; ജ്യോതിഷത്തിന്റെ ചരിത്രത്തെക്കുറിച്ചുള്ള പഠനങ്ങളെ ആധികാരികമായ ചരിത്രപഠനങ്ങളായും ഗൗരവമായും കാണാൻ പൊതുവേ ചരിത്രകാരന്മാർക്കുള്ള വിമുഖത. ഈ വിമുഖത നമ്മുടെ നാട്ടിൽ മാത്രമുള്ളതല്ല. ശാസ്ത്രചരിത്രകാരനായ ജോൺ നോർത് ജ്യോതിഷചരിത്രത്തെക്കുറിച്ചൊരു പുസ്തകമെഴുതിയിട്ടുണ്ട്. വിഷയത്തിന്റെ ഗവേഷണത്തിനു വേണ്ട സാമ്പത്തികസഹായം ചെയ്ത റോയൽ സൊസൈറ്റിയ്ക്ക് തന്റെ ഗവേഷണവിഷയം നാണക്കേടുണ്ടാക്കിയിരിക്കുമോ എന്നു പുസ്തകത്തിന്റെ ആദ്യതാളുകളിൽ അദ്ദേഹം സന്ദേഹിക്കുന്നതു കാണാം.
ശബ്ദവും അർത്ഥവും തമ്മിലുള്ള ബന്ധം നിത്യമാണെന്നു ഭർതൃഹരി പറയുന്നതു പോലെ, ചരിത്രസത്യങ്ങൾക്കും ഒരർത്ഥത്തിൽ നിത്യതയുണ്ട്. പിന്നീട് തിരുത്താനാവാത്ത വിധം ഓരോ വസ്തുതകളും കാലത്തിൽ കൊത്തിവെയ്ക്കപ്പെട്ടിരിക്കുന്നു. അതു കാലത്തിന്റെ മഹാവിശേഷമാണ് എന്നേ പറയാൻ വയ്ക്കൂ! വാക്കുകളിലേക്കു പുതിയ അർത്ഥങ്ങളെ സന്നിവേശിപ്പിക്കുകയാണു നമ്മളെന്ന് ഈ കുറിപ്പിന്റെ ആദ്യം പറഞ്ഞല്ലോ; അതു പോലെ ചരിത്രത്തിലേക്കും പുതിയ വസ്തുതകളെ സന്നിവേശിപ്പിക്കാൻ ശ്രമിക്കുകയാണു നമ്മൾ.
വാക്കുകളും അർത്ഥവും കാലവും ചരിത്രവും നമ്മോടു പൊറുക്കട്ടെ!
You are not authorised to post comments.