ജ്യോതിഷത്തിലെ വേദാന്തം

1 1 1 1 1 1 1 1 1 1 Rating 0.00 (0 Votes)

ലേഖകന്‍ - ഹരികുമാര്‍ നായര്‍

വേദാംഗമായ ജ്യോതിഷത്തിന്റെ വേദാന്തമെന്തെന്ന് ഒരു വിദ്വാൻ ചോദിച്ചിരിക്കുന്നു. എല്ലാ വേദാംഗങ്ങളുടെയും വേദാന്തം, അറിവിന്റെ അവസാനം ആത്മജ്ഞാനം തന്നെയാണ്. വേദസ്യ ചക്ഷു കില ശാസ്ത്രമേതത് ... എന്നത് വളരെ പ്രസിദ്ധമല്ലേ? അന്തഃചക്ഷുസ്സ് നൽകുന്ന ശാസ്തമാണ് ജ്യോതിഷം.

ഈ ഗ്രൂപ്പിൽ പഴയ പുസ്തകങ്ങളും പ്രമാണങ്ങളുമൊക്കെ ചർച്ചക്ക് വരുന്നത് സിദ്ധവാഗ്മയത്തിന്റെ ബോധസ്വരൂപങ്ങളിലെ തിരതള്ളലാണ്. അതീന്ദ്രിയമായ ഈ ശാസ്ത്രം മാനവ-പ്രതിഭ ബഹിർമുഖമായി ഇന്നത്തെപ്പോലെ ചന്ദ്രനെയും മംഗളനെയും ലക്ഷ്യം വെക്കുന്നതിന് മുമ്പ് പ്രകടമായതാണ്. ജീവപ്രപഞ്ചത്തിന് ആധാരശക്തിയായിരിക്കുന്ന, മനുഷ്യനെ ഈ വിധം സൃഷ്ടിച്ചെടുത്ത സർഗ്ഗപ്രതിഭയുടെ പ്രകടനമാണ് ജ്യോതിഷതത്ത്വങ്ങൾ. ഈ ശക്തി അതിന്റെ മംഗളരൂപത്തിൽ പ്രകടമാകുന്നത് ഗണിതം സൂക്ഷ്മമാകുമ്പോഴാണ്. വരാഹമിഹിരന്റെ കാലം ബ്രഹ്മഗുപ്തനും, ഹരിദത്തനും ലല്ലാചാര്യനും വടേശ്വരനും, സംഗമഗ്രാമമാധവനും ദൃഗ്ഗണിതപരമേശ്വരനും ഒക്കെ എത്രയോ മുമ്പാണ്? എന്തായിരുന്നു ഈ മഹത് സ്വരൂപങ്ങളുടെ പ്രവർത്തനം?

പഴയസൂര്യസിദ്ധാന്തമോ പഞ്ചസിദ്ധാന്തിക കൊണ്ടോ ഹോരയുടെ തത്ത്വങ്ങളും മറ്റും പ്രയോഗിക്കാമായിരുന്നു. ഇടയക്ക് ഊഹാപോഹം നിലവിളക്ക് കൊളുത്തൽ, നിമിത്തവ്യാഖ്യാനം മുതലായ വിഷയങ്ങളും കടന്നുവന്നുവെല്ലോ? ഈ വിഷയങ്ങളുടെ ചർച്ചയൊന്നും അടിസ്ഥാനതത്ത്വം മറന്നു കൊണ്ടാകരുത്.

1. പൂർവ്വസൂരികളുടെ അതീവകഠിനമായ അദ്ധ്വാനത്തിന്റെ പശ്ചാത്തലത്തിലാണ് ഹോര എക്കാലത്തും പ്രകാശം പൊലിഞ്ഞിട്ടുള്ളത്.

2. സൂക്ഷ്മമായ ഗണിതത്തിന് വേണ്ടിയുള്ള ദൃഗ്സിദ്ധസ്ഫുടങ്ങൾക്കു വേണ്ടിയുള്ള - അശ്രാന്ത പരിശ്രമം എന്തിനു വേണ്ടിയായിരുന്നു? ഏതു കാലത്തും ദൃക്-സിദ്ധഗ്രഹസ്ഫുടങ്ങളിലാണ് ഗ്രഹിപ്പിക്കുന്ന ചൈതന്യം അടങ്ങിയിരിക്കുന്നത്. ഈ ചൈതന്യത്തെ അറിയുന്നതാണ് ജ്യോതിഷത്തിലെ വേദാന്തം.

3. എക്കാലത്തും അവിദ്യ നിലവിലുണ്ട്. ആ അവിദ്യയുടെ നിഴലിൽ നിലവിളക്ക് കൊളുത്തിയും വെറ്റില എടുത്തുമൊക്കെ പ്രവചനം സാദ്ധ്യമാണ്. സർവ്വോപാധിരഹിതമായും ഊഹാപോഹപടുവാകാം. അങ്ങനെയുള്ള വിദ്വാന്മാർ ജ്യോതിഷികളല്ല. അതിന്റെ തലം വേറെയാണ്. പതഞ്ജലിയുടെ ശാസ്ത്രം നന്നായി പഠിക്കുക. പ്രകൃതിയിൽ അസാമാന്യ വികൃതികൾ പലതും നടക്കുന്ന മേഖലയാണ് മനസ്സ്. അങ്ങനെയുള്ള വികൃതികളുടെ ഫലമായു ധാരണാ-ധ്യാനം-സമാധി ഇവയൊക്കെ വിമൂഢാവസ്ഥയിലും കൈവരാവുന്നതാണ്. അങ്ങനെ ഉണ്ടാകുന്ന അവസ്ഥകളെ ചിത്തവൃത്തി അനുസരിച്ച് ഉപയോഗിക്കാം.

4. ജ്യോതിഷം ധന്യത പകരുന്ന അറിവാണ്. വെറും പ്രവചനമല്ല. ധന്യത പകരുന്ന വാക്കാണ്, ദേവതാനുഗ്രഹമാണ് ജ്യോതിഷിയുടെ വാക്ക്. ഇതാണ് ജ്യോതിഷത്തിന്റെ വേദാന്തം.

5. ഗണിതവുമൊന്നും വേണ്ടാ സോഫ്റ്റ്വൈയർ മതി എന്നു കരുതുന്നവർ തെറ്റായ പാതയിലാണ്. എല്ലാ തത്ത്വങ്ങളുടെയും ഗണിതം സൂക്ഷ്മമാക്കാൻ അശ്രാന്തപരിശ്രമം ഉണ്ടാകണം. ടി പരിശ്രമമാണ് ഓരോ ജന്മത്തിനും ശ്രേയസ്സു നൽകുന്നത്. അങ്ങനെയുള്ള പരിശ്രമത്തിന് പരിണതിയായാണ് ശുഭമായ വാക്ക് വെളിവാകുന്നത്.

You are not authorised to post comments.

Comments powered by CComment