രാശികളും ഭാവങ്ങളും

1 1 1 1 1 1 1 1 1 1 Rating 0.00 (0 Votes)

ലേഖകന്‍ - ശ്രീനാഥ് ഒജി

(എന്റെ ഋഷിജാതകം എന്ന ഗ്രന്ഥത്തില്‍ നിന്നുള്ള ഉദ്ധരണിയാണ് താഴെച്ചേര്‍ക്കുന്നത്)

രാശികളെ തന്നെയാണ് ഭാവങ്ങള്‍ എന്നു പറയുന്നത്. ഭാവങ്ങള്‍ ലഗ്നാദിയാണ് കണക്കാക്കുന്നത് എന്ന വ്യത്യാസം മാത്രമേ ഉള്ളു. ലഗ്നാദി രാശികളാണ് ഭാവങ്ങള്‍ എന്നര്‍ത്ഥം. ഈ രീതിയില്‍ കണക്കാക്കുന്നതാണ് ഭാവനിര്‍ണ്ണയത്തിലെ ആര്‍ഷരീതി. രാശികള്‍ തന്നെയാണ് ഭാവങ്ങള്‍ എന്നു പറയുന്നതിന് ആധാരമായി ഒട്ടനേകം യുക്തികളും പ്രമാണശ്ലോകങ്ങളുമുണ്ട്. ചിലത് താഴെച്ചേര്‍ക്കുന്നു.
1) രാശികള്‍ക്ക് മാത്രമാണ് ആധിപന്മാരെ സങ്കല്‍പിച്ചിട്ടുള്ളത്, ഭാവങ്ങള്‍ക്കല്ല. രാശികളില്‍ നിന്നും വ്യത്യസ്തമാണ് ഭാവങ്ങള്‍ എന്നു കരുതിയാല്‍, ഒരു ഭാവത്തിന് രണ്ട് അധിപന്മാരുണ്ടാവും. അതിനാല്‍ ഭാവാധിപന്മാരെക്കുറിച്ചു പറയുമ്പോള്‍ ഏത് രാശിയുടെ അധിപനെയാണ് ഭാവാധിപനായി എടുക്കേണ്ടതെന്ന് സംശയം വരും. ഇത്തരത്തില്‍ ഒരു ഭാവത്തിന് രണ്ട് അധിപന്മാര്‍ ഉണ്ടാകുമ്പോള്‍ എന്തുചെയ്യണം എന്ന സംശയത്തെക്കുറിച്ച് ഋഷിവര്യന്മാര്‍ ഒന്നുംതന്നെ പറഞ്ഞിട്ടില്ല എന്നതില്‍ നിന്നും ഈ സമ്പ്രദായമല്ല അവര്‍ പിന്തുടര്‍ന്നിരുന്നത് എന്നു വ്യക്തമാവുന്നു. രാശികള്‍ തന്നെയാണ ഭാവങ്ങള്‍ എന്നു കരുതിയിരുന്നതിനാലാണ് അവര്‍ക്ക് ഇക്കാര്യം ചിന്തിക്കേണ്ടി വരാതിരുന്നത്.
2) രാശികള്‍ക്ക് മാത്രമാണ് ഹോരാദി വര്‍ഗ്ഗങ്ങളെ സങ്കല്‍പിച്ചിട്ടുള്ളത്, ഭാവങ്ങള്‍ക്കല്ല. രാശികളില്‍ ഓരോ ഡിഗ്രിക്കും ഉള്ള സ്വഭാവം ഷഡ്വര്‍ഗ്ഗാദികള്‍കൊണ്ട് വ്യക്തമാവുന്നു. ഭാവങ്ങള്‍ രാശികളില്‍ നിന്നും വ്യത്യസ്തമാണ് എന്നു കരുതിയാല്‍ ഷഡ്വര്‍ഗ്ഗാദി വര്‍ഗ്ഗ സങ്കല്‍പങ്ങളുടെ പ്രസക്തി നഷ്ടപ്പെടും. അടിസ്ഥാനസങ്കല്‍പങ്ങള്‍ക്കു വിരുദ്ധമായവ ഋഷിസമ്മതമല്ലെന്നു കരുതണം. ഇതില്‍നിന്നും രാശികളില്‍നിന്നും വ്യതിരിക്തമായ ഭാവസങ്കല്‍പം ഋഷിമാര്‍ അംഗീകരിച്ചിട്ടില്ലെന്നു മനസ്സിലാക്കാം.
3) ആഗ്നേയൈര്‍ വിധവസ്തരാശി സഹിതേ (ലഗ്നാല്‍ ഏഴാം രാശിയില്‍ ആഗ്നേയഗ്രഹങ്ങള്‍ നിന്നാല്‍ വൈധവ്യം പറയാം) എന്നിത്യാദി ബൃഹജ്ജാതകശ്ലോകങ്ങള്‍ രാശികളെ തന്നെയാണ് ഭാവങ്ങളായി കണക്കാക്കേണ്ടത് എന്നു സ്പഷ്ടമാക്കുന്നുണ്ട്. ഹോരാദയസ്തനുകൂടുംബ എന്നിത്യാദി ബൃഹജ്ജാതകശ്ലോകത്തില്‍ ഭാവങ്ങളെ സൂചിപ്പിക്കാനായി ഗൃഹം എന്ന വാക്ക് ഉപയോഗിച്ചശേഷം, രാശി-ഗൃഹം-ഭാവം-ഭവനം എന്നിവയെല്ലാം ഒരേ അര്‍ത്ഥമുള്ള വാക്കുകളാണെന്ന് വരാഹമിഹിരന്‍ വ്യക്തമാക്കുന്നുണ്ട്. ഇതില്‍നിന്നും രാശികളെ തന്നെയാണ് ഭാവങ്ങളായും കണക്കാക്കേണ്ടത് എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായമെന്നും, മറ്റൊരു തരത്തിലുമുള്ള ഭാവസങ്കല്‍പങ്ങളെ അദ്ദേഹം അംഗീകരിച്ചിരുന്നില്ലെന്നും മനസ്സിലാക്കാം. ഋഷിഹോരാനുസൃതമായാണ് ബൃഹജ്ജാതകം എഴുതപ്പെട്ടിരിക്കുന്നത് എന്നതിനാല്‍ ഋഷിപ്രോക്തവും ആര്‍ഷവുമായ അഭിപ്രായവും അതുതന്നെ എന്നറിയണം.
4) ഋഷിപ്രോക്തമായ ഹോരാഗ്രന്ഥങ്ങളെപ്പോലെ ബഹുമാനിക്ക്പപെടുന്ന കൃഷ്ണീയത്തിന്റെ ചതുരസുന്ദരീവ്യാഖ്യാനത്തില്‍ വ്യാഖ്യാനകര്‍ത്താവായ മാധവാചാര്യപുത്രനായ വിഷ്ണു, അഥ ലഗ്നാദി ദ്വാദശ രാശീനാം ദ്വാദശ ഭാവാനാഹ (ലഗ്നാദി പന്ത്രണ്ടു രാശികളെ തന്നെയാണ് പന്ത്രണു ഭാവങ്ങളെന്നും പറയുന്നത്) എന്ന് സുസ്പഷ്ടമായി വ്യക്തമാക്കുന്നുണ്ട്.
5) എഡി 11-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ശ്രീപതിക്കുമുമ്പ് ഭാരതത്തില്‍ ജീവിച്ചിരുന്ന ഒരാചാര്യന്മാരും രാശിയില്‍നിന്നും വ്യത്യസ്തമായ ഭാവഗണിതത്തെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. ഇതില്‍നിന്നും ഋഷിപ്രോക്തമല്ല മറിച്ച് മിക്കവാറും ശ്രീപതിയുടെ സൃഷ്ടിയാണ് ഭാവഗണിതം എന്നു മനസ്സിലാക്കാം. ബഹുസമ്മതമല്ലാത്തതിനാലും, ഋഷിമതവിരുദ്ധമാകയാലും ഇത് അംഗീകരിക്കത്തക്കതല്ല.
7) ഇന്ന് ശ്രീപതിസമ്പ്രദായം ((Prophyry House System) , KP സമ്പ്രദായം (Placidus House System), Koch House System, Whole Sign House System, Equal House System എന്നു തുടങ്ങി ലഗ്നഡിഗ്രി തുടങ്ങി ഭാവം കണക്കാക്കുന്നതും, ലഗ്നഡിഗ്രിയെ ഭാവമധ്യമായി കണക്കാക്കുന്നതും മറ്റുമായി പരസ്പരവിരുദ്ധമായ ഒട്ടനേകം സമ്പ്രദായങ്ങള്‍ നിലവിലുണ്ട്. ഇതെല്ലാം ആധുനികരുടെ സൃഷ്ടിയാണ്, അവരുണ്ടാക്കിയ ആശയക്കുഴപ്പമാണ്. ഋഷിപ്രോക്തമല്ല, ഋഷിമതാനുസൃതവുമല്ല. അതിനാല്‍ ഈ സമ്പ്രദായങ്ങളൊന്നും സ്വീകാര്യമല്ല. അതിനാല്‍ ഇവയെല്ലാം ഉപേക്ഷിച്ച് രാശികള്‍ തന്നെയാണ് ഭാവങ്ങള്‍ എന്ന ഋഷിമതം അംഗീകരിക്കണം.
8) ലഗ്നം തുടങ്ങിയാണല്ലോ ഭാവങ്ങള്‍ കണക്കാക്കുന്നത്. ലഗ്നം എന്ന പദത്തിന്റെ നിര്‍വ്വചനം തന്നെ രാശീനാം ഉദയോ ലഗ്നം (കിഴക്കന്‍ ചക്രവാളത്തില്‍ ഉദിക്കുന്ന രാശിയാണ് ലഗ്നം) എന്നതാണ്. ലഗ്നം എന്നത് രാശിയാണെങ്കില്‍, ലഗ്നാദി മറ്റു ഭാവങ്ങളും രാശികള്‍ തന്നെയാകാതെ തരമില്ലല്ലോ. അതിനാല്‍ രാശികളെ തന്നെയാണ് ഭാവങ്ങളായി കണക്കാക്കേണ്ടത് എന്നു മനസ്സിലാക്കാം.
9) ഭൃഗുസൂത്രം, ബൃഹജ്ജാതകം തുടങ്ങി ഒന്നനേകം ഗ്രന്ഥങ്ങളില്‍ ഒരു ഭാവത്തില്‍ ഗ്രഹം നിന്നാലുള്ള ഫലം പറയുന്നതിനോടൊപ്പം താന്നെ, ആ ഭാവം ഇന്ന രാശിയായാല്‍ ഇന്ന ഫലം പറയണം എന്നിങ്ങനെ പറയപ്പെട്ടിരിക്കുന്നു. ഇതില്‍നിന്നും രാശികളെ തന്നെയാണ് ഭാവങ്ങളായും കണക്കാക്കിയിരുന്നത് എന്നു മനസ്സിലാക്കാം.
10) കാലപുരുഷന്റെ അവയവങ്ങളാണ് രാശികള്‍. ലഗ്നാദി ഭാവപുരുഷന്റെ അവയവങ്ങളാണ് വ്യക്തികളുടെ അവയവങ്ങള്‍. കാലപുരുഷന്‍ തന്നെയാണ് ഭാവപുരുഷനും. ഇതില്‍നിന്നും രാശികളെ തന്നെയാണ് ഭാവങ്ങളായി കണക്കാക്കേണ്ടതെന്നു മനസ്സിലാക്കാം.
11) വര്‍ഗ്ഗോത്തമാദി കാര്യങ്ങള്‍ ഭാവങ്ങള്‍ക്കല്ല രാശികള്‍ക്കാണ് സങ്കല്‍പിച്ചിട്ടുള്ളത്. ഹോരാ ദ്രേക്കാണാദി വര്‍ഗ്ഗങ്ങള്‍ രാശികള്‍ക്കാണ് ബാധകം, ഭാവങ്ങള്‍ക്കല്ല. രാശിവര്‍ഗ്ഗങ്ങള്‍-ഭാവവര്‍ഗ്ഗങ്ങള്‍, രാശിവര്‍ഗ്ഗോത്തമം-ഭാവവര്‍ഗ്ഗോത്തമം എന്നിത്യാദി വിഭിന്ന സങ്കല്‍പങ്ങള്‍ ഋഷിഹോരകളില്‍ പറയപ്പെട്ടിട്ടില്ല എന്നതില്‍നിന്നും രാശികളെ തന്നെയാണ് ഭാവങ്ങളായി കണക്കാക്കിയിരുന്നത് എന്നും, അതുനു വിരുദ്ധമായ മാര്‍ഗ്ഗങ്ങള്‍ പിന്തുടരുന്നത് ഋഷിസമ്മതമോ ആര്‍ഷരീതിയോ അല്ലെന്നും മനസ്സിലാക്കാം.
ഇങ്ങനെ ഏതു രീതിയില്‍ ചിന്തിച്ചാലും ശരി, ചരിത്രപരമോ സാമ്പ്രദായികമോ ആയ അടിസ്ഥാനം ഇല്ലാത്തതും, ഋഷിസമ്മതി ഇല്ലാത്തതുമായ മാര്‍ഗ്ഗമാണ് ആധുനികമായ ഭാവഗണിതം എന്നു വ്യക്തമാവുന്നു. ദൃഷ്ടികേന്ദ്രത്തെക്കുറിച്ച് യവനസമ്പ്രദായത്തില്‍ പറഞ്ഞിട്ടുള്ളതിനെയും, ആയുര്‍ദായഗണിതത്തെ ഉദ്ദേശിച്ച് ശ്രീപതി പറഞ്ഞതിനെയും തെറ്റിദ്ധരിച്ച്, സാര്‍വ്വത്രികമായി അംഗീകരിച്ച് നടപ്പിലാക്കി, വന്നു ഭവിച്ച തെറ്റിദ്ധാരണയാണ് ഇന്നു പ്രചാരത്തിലുള്ള രാശിഭീന്നമായ ഭാവഗണിതം. ഇത് സര്‍വ്വധാ ഉപേക്ഷണീയമാണ്.

You are not authorised to post comments.

Comments powered by CComment