ജ്യോതിഷത്തിലെ ത്രിസ്കന്ധങ്ങള്‍

1 1 1 1 1 1 1 1 1 1 Rating 0.00 (0 Votes)

 

ലേഖകന്‍ - ശ്രീനാഥ് ഒജി

സിദ്ധാന്തം, സംഹിത, ഹോര എന്നിങ്ങനെ ജോതിഷത്തെ മൂന്ന് സ്കന്ധങ്ങളായി (ഭാഗങ്ങളായി) തരം തിരിച്ചിട്ടുണ്ട്.

സിദ്ധാന്തസ്‌കന്ധ  നിര്‍വ്വചനം

ഗോളം (Astronomy), ഗണിതം (Mathematics) എന്നിവയാണ് സിദ്ധാന്ത സ്കന്ധത്തില്‍ അന്തര്‍ഭവിച്ചു വരുന്നവ. ഇതേക്കുറിച്ചു പറയുന്ന നിര്‍വ്വചനശ്ലോകം ലഭിച്ചില്ല.

ഹോരാസ്‌കന്ധ  നിര്‍വ്വചനം

ജാതകവിഷയം പ്രതിപാദിക്കുന്ന സ്കന്ധമാണ് ഹോര എന്ന പേരില്‍ അറിയപ്പെടുന്നത്. ഇതിന് ജാതകസ്കന്ധം എന്നും പേരുണ്ട്. ജാതകം, പ്രശ്നം, മുഹൂര്‍ത്തം എന്നിവയെല്ലാം ഇതില്‍ അന്തര്‍ഭവിച്ചുവരും.
പിതാമഹ-നാരദ-വസിഷ്ഠ-കശ്യപാദി സുനിര്‍മ്മിതം
ജ്യോതിശ്ശാസ്‌ത്രൈകസ്‌കന്ധരൂപം
, ജന്മ-നാനാവിധ-
ഫലാദേശ ഫലകം
, വേദചക്ഷൂരൂപം, ദ്വിജാനാ-
മദ്ധ്യയനീയം ശാസ്ത്രം
, ഹോരാശബ്ദ വാച്യം

 - ബലഭദ്രന്‍ (ഹോരാരത്‌നം)

പിതാമഹന്‍(ബ്രഹ്മാവ്), നാരദന്‍, വസിഷ്ഠന്‍, കശ്യപന്‍ തുടങ്ങിയ ഋഷിമാരാല്‍ ശ്രദ്ധയോടെ നിര്‍മ്മിക്കപ്പെട്ടതും, ത്രിസ്‌കന്ധാത്മകമായ ജ്യോതിശ്ശാസ്ത്രത്തിലെ ഒരു സ്‌കന്ധവുമായ ഹോരാശാസ്ത്രം, ജന്മഫല ങ്ങള്‍, മുഹൂര്‍ത്തഫലങ്ങള്‍ എന്നു തുടങ്ങി നാനാവിധമായ ഫലങ്ങള്‍ പറയാന്‍ സഹായിക്കുന്ന വിശാലമായ ഒരു ഉപദേശ സംഹിതയാണ്. (അതിന്റെ ആറംഗങ്ങളില്‍ ഒന്നു മാത്രമാണ് പ്രശ്‌നം). വേദചക്ഷുസ്സ് എന്നു കീര്‍ത്തിക്കപ്പെടുന്ന ഈ ജ്യോതിഷസ്‌കന്ധം ദ്വിജന്മാരാല്‍ മാത്രം (നന്മയുടെ രണ്ടാം ജന്മം സ്വീകരിച്ച വ്യക്തികളാല്‍ മാത്രം) പഠിക്കപ്പെടാന്‍ യോഗ്യവുമാണ്. ഇതത്രേ ഹോരാശബ്ദത്തിന്റെ നിര്‍വ്വചനം.  

സംഹിതാസ്‌കന്ധ നിര്‍വ്വചനം

സിദ്ധാന്തസ്കന്ധത്തിലും, ഹോരാസ്കന്ധത്തിലും ഉള്‍പ്പെടുത്താനാവാത്തതെല്ലാം സംഹിതാസ്കന്ധത്തിലാണ് ഉള്‍പ്പെട്ടുവരുന്നത്. സംഹിതാസ്‌കന്ധം വളരെ വിലുലമാണ്. സിദ്ധാന്തസ്‌കന്ധത്തിലും ഹോരാസ്‌കന്ധത്തിലും ഉള്‍പ്പെട്ടുവരാത്തതും എന്നാല്‍ ജ്യോതിഷിക്ക് പ്രയയോജനപ്രദമായതുമായ എന്തും സംഹിതാസ്‌കന്ധത്തില്‍ ഉള്‍പ്പെട്ടുവരും എന്നു പറയാം. അതിനാലാണല്ലോ ഇതിന് സംഹിത (സമാഹാരം, Collection) എന്ന പേരു ലഭിച്ചതും.

ജനപുഷ്ടിക്ഷയവൃഷ്ടി ദ്വിരദതുരഗാദി സകലവസ്തൂനാം
കേതൂല്ക്കാദീനം വാ ലക്ഷണമുദിതം ഹി സംഹിതാ സ്‌കന്ധേ.

- പനയ്ക്കാട്ട് നമ്പൂതിരി (പ്രശ്‌നമാര്‍ഗം)

രാജ്യാഭിവൃദ്ധി, രാജ്യനാശം, മഴയുടെ ലക്ഷണം, ആന കുതിര തുടങ്ങിയ മൃഗജാതികളുടെയും വാഹനങ്ങളുടെയും ലക്ഷണങ്ങള്‍, എന്നല്ല സകലവസ്തുക്കളുടെയും ലക്ഷണങ്ങള്‍, ധൂമകേതു ഉല്‍ക്ക മുതലായ ആകാശത്ത് കാണപ്പെടുന്ന വസ്തുക്കളുടെ ലക്ഷണം, ഇങ്ങനെ തുടങ്ങി എല്ലാറ്റിന്റെയും ലക്ഷണങ്ങളെക്കുറിച്ച് സംഹിതാസ്‌കന്ധത്തില്‍ പറയപ്പെട്ടിട്ടുണ്ട്.

ശരിയാണ് ഇതേക്കുറിച്ചെല്ലാം സംഹിതാസ്‌കന്ധത്തില്‍ പറയപ്പെട്ടിട്ടുണ്ട്. പക്ഷെ ഇതു മാത്രമല്ല സംഹിതാസ്‌കന്ധം. ഇത് ഭൂമിയിലും അന്തരീക്ഷത്തിലും ആകാശത്തിലും കാണപ്പെടുന്ന ലക്ഷണങ്ങളെക്കുറിച്ച് പറയുന്ന നിമിത്തം മാത്രമേ ആയുള്ളു. കാലാവസ്ഥാനിരീക്ഷണം, പ്രകൃതിനിരീക്ഷണം, ധാതുപഠനം, വൃക്ഷായുര്‍വേദം, കാമശാസ്ത്രം, രത്‌നപരീക്ഷ, വര്‍ഷഫലപ്രവചനം, മേദിനീജ്യോതിഷം (Mundane Astrology), വാസ്തുശാസ്ത്രം, ശില്‍പശാസ്ത്രം, പ്രതിമാപഠനം (Iconography) തുടങ്ങി ഒട്ടനേകം വിജ്ഞാനശാഖകള്‍ സംഹിതാസ്‌കന്ധത്തില്‍ അന്തര്‍ഭവിച്ചുവരും.

 

You are not authorised to post comments.

Comments powered by CComment