ഫലപാകം
- Details
- Created: Tuesday, 04 April 2017 12:39
- Last Updated: Tuesday, 04 April 2017 12:40
- Hits: 1889
ലേഖകന്‍ - കെ ചന്ദ്രഹരി (ഹരികുമാര്‍ നായര്‍)
ഫലഭാഗം – ജ്യോതിഷത്തിലെ ഫലഭാഗം. ഫലപാകം – പറയുന്ന കാര്യങ്ങള്‍ ശരിയായി ഫലത്തില്‍ യോജിച്ചുവരുന്ന അവസ്ഥ.
പ്രമാണങ്ങൾ ശരിയായി ഉപയോഗിക്കുന്നുവോ?
ജ്യോതിഷഫലപാകത്തിൽ എന്തു കൊണ്ട് പൊതുജനസമ്മതിയില്ല? തത്ത്വങ്ങൾ ശാസ്ത്രമായും ശാസ്ത്രം ശ്രേയസ്കരമായും വർത്തിക്കുന്നതിന് ഒഴിച്ചു കൂടാനാകാത്ത സംഗതികളാണ് മതിയായ പഠനം, പ്രാഗത്ഭ്യം, ഗുരുത്വം ഇവ. പ്രമാണങ്ങൾ കാണാതെ പഠിച്ച് ചൊല്ലിയതു കൊണ്ടു മാത്രം കാര്യമില്ല. അവയുടെ സാംഗത്യം സന്ദർഭം മനസ്സിലാക്കാനുള്ള പ്രാഗത്ഭ്യം ഉണ്ടാകണം. ജ്യോതിഷിക്ക് അപ്രമാദിത്വം ആരും കല്പിച്ചിട്ടില്ല – ശ്ലോകം ചൊല്ലിയതു കൊണ്ടു മാത്രം ഒരു ഗ്രഹനിലയുടെ വിശകലനം അവസാനിക്കുന്നില്ല. കവടി അബദ്ധപ്രകടനത്തിന് പലപ്പോഴും ഉപകരണമാകുന്നുണ്ട്. ഒരു നൂറ്റാണ്ടു മുമ്പു പ്രസിദ്ധീകരിച്ച ഒരു കൃതിയുടെ മുഖവുരയിൽ പറയുന്നത് ശ്രദ്ധിക്കുക. –
1. ബുദ്ധിപരമായും വിദ്യാഭ്യാസപരമായും കഴിവുള്ളവർ ഈ രംഗത്തു വരുന്നില്ല.
2. പാണ്ഡിത്യമില്ലാത്തവർ വർദ്ധിച്ചു കവടി നിരത്തി അബദ്ധപ്രകടനം ചെയ്തു ജനസമ്മതിയെ ഹനിക്കുന്നു.
3. ഇപ്രകാരമൊക്കെയാണെങ്കിലും കേരളത്തിൽ ജ്യോത്സ്യന്മാരുടെ എണ്ണം ഒട്ടധികമുണ്ടെന്ന് സമ്മതിച്ചേ തീരൂ. കാലക്ഷേപത്തിനെളുപ്പമായ ഒരു തൊഴിലായിട്ടാണ് ഈ ശാസ്ത്രത്തെ മിക്കവരും അംഗീകരിച്ചിരിക്കുന്നത്. അമ്പത്തൊന്നക്ഷരവും പന്ത്രണ്ടു രാശികളും ചില പര്യായങ്ങളും ധരിച്ചു കഴിഞ്ഞാൽ ഏതു സംഗതികളും തങ്ങൾ വാരിപ്പിടിക്കുന്ന കവിടിയിൽ തെളിഞ്ഞു വരണമെന്നാണ് ഒരു വെയ്പ്.
4. മേലാളില്ലാത്ത ഈ തൊഴിലാളികളുടെ വ്യാപാരത്തിൽ ഗ്രഹപ്പിഴകൾ സംഭവിക്കാതെയും നിവൃത്തിയില്ല. വക്താവിനും ശ്രോതാവിനും തങ്ങളുടെ അജ്ഞതയെപ്പറ്റി അന്യോന്യബോധമുണ്ടെങ്കിലും എന്തോ വാസ്തവമുണ്ടെന്നൊരുതരം വിശ്വാസത്തോടുകൂടി ദക്ഷിണയും കഴിച്ചു ഭംഗിയാക്കി കാര്യം കലാശിപ്പിക്കും.
5. ശാസ്ത്രപാണ്ഡിത്യമുള്ള ചുരുക്കം ചിലർക്കു ഈ പ്രസ്താവന സംബന്ധിക്കുകയില്ലെന്നു പ്രത്യേകം പറയണമെന്നില്ലല്ലോ?
ഓടാട്ടിൽ കേശവമേനോന്റെ വരികളാണ് ഉദ്ധരിച്ചിരിക്കുന്നത്.
ഇന്ന് പ്രമാണപുസ്തകങ്ങളൊക്കെ എല്ലായിടത്തും ലഭ്യമാണ്. പഴയ കാലത്തെന്ന പോലെ വാഗ്ദ്ധോരണി കൊണ്ട് ഒരു കാര്യവുമില്ല. പ്രമാണങ്ങൾ ശരിയായി ഉപയോഗിക്കുന്നുവോ? എന്നതിനാണ് പ്രസക്തി. ഇരുട്ട് കൊണ്ട് ഓട്ടയടക്കുന്ന രീതിയിൽ പ്രമാണം ചൊല്ലുന്നത് അശാസ്ത്രീയമാണ്.
ഓമെന്നൊരക്ഷരമുരച്ചവനാരവൻ താ-
നീമന്നിലുള്ളഗുരു തത്ത്വമസി പ്രസന്നൻ
നാമെന്നുമഗു്ഗുരുവരന്റെ പദാരവിന്ദ-
മോമെന്നു ചേർത്തു മനതാരതിലോർത്തിടുന്നേൻ
ഇനി പ്രമാണമില്ലാതെ ഒരു തത്ത്വം പറയാം. കുജശുക്രന്മാരുടെ രാശികൾക്ക് പ്രശ്നത്തിൽ ശുഭത്വം പറയുന്നത് വളരെ സൂക്ഷിച്ചു വേണം. ഏതെങ്കിലുമൊരു ത്രികോണത്തിൽ ഗുരു വന്നതു കൊണ്ടു മാത്രം ശുഭം പറയാനാകില്ല.
ജ്യോതിഷം ഒരു ശാസ്ത്രമാണ്. ഫലഭാഗത്തിൽ ആചാര്യനെ വിട്ടിട്ടില്ല പ്രമാണങ്ങൾ. ഒരു കർമ്മത്തിന് കവിടി വെക്കുമ്പോൾ ഗ്രഹനിലയിൽ ആചാര്യന്റെ ഗുണദോഷങ്ങളും പ്രകടമാകും. ജ്യോതിഷം ശാസ്ത്രമാകുന്നത് അപ്പോളാണ്. ആർക്കും കവിടി വെക്കാം എന്ന നിലയിൽ ജ്യോതിഷം ശാസ്ത്രമാകില്ല. കവിടി കൈകാര്യം ചെയ്യുന്ന പ്രതിഭയുടെ നിലയും ഗ്രഹങ്ങൾ വ്യക്തമാക്കും. അതുകൊണ്ടാണ് പന്ത്രണ്ടാം ഭാവം നിരൂപിക്കുക എന്ന കർമ്മം ചില ജ്യോതിഷികൾ ഒഴിവാക്കുന്നത്. പന്ത്രണ്ടിനു ശുഭത്വമില്ലാത്ത പ്രശ്നക്രിയയിൽ പരിഹാരങ്ങളൊന്നും ഫലപ്രദമാകില്ല.
You are not authorised to post comments.