രാശിചക്രവും ജ്യോതിഷവും അഥര്‍വ്വവേദപരിശിഷ്ടത്തില്‍
- Details
- Created: Monday, 08 May 2017 12:49
- Last Updated: Wednesday, 01 November 2017 09:33
- Hits: 2334
1. സൂര്യന്‍, 2.ശുക്രന്‍, 3.ചൊവ്വ, 4.രാഹു, 5.ശനി, 6.ചന്ദ്രന്‍, 7.ബുധന്‍, 8.വ്യാഴം എന്നിവയാണ് യഥാക്രമം 1.കിഴക്ക് (ഐന്ദ്രം – ഇന്ദ്രന്റെ ദിക്ക്), 2.കിഴക്കുതെക്ക് (അഗ്നികോണ്‍ - അഗ്നിയുടെ ദിക്ക്), 3.തെക്ക് (യാമ്യം – യമന്റെ ദിക്ക്), 4.തെക്കുപടിഞ്ഞാറ് (നൈരൃതി – നിരൃതിയുടെ ദിക്ക്), 5.പടിഞ്ഞാറ് (വാരുണം – വരുണന്റെ ദിക്ക്), 6.വടക്കുപടിഞ്ഞാറ് (വായവ്യം – വായുവിന്റെ ദിക്ക്), 7.വടക്ക് (സൌമ്യം – സൌമ്യന്റെ ദിക്ക്), 8.വടക്കുകിഴക്ക് (ബ്രഹ്മം – ബ്രഹ്മന്റെ അഥവാ ഈശാനന്റെ ദിക്ക്) എന്നീ ദിക്കുകളുടെ അധിപന്മാര്‍.
|
നം |
ദിക്ക് |
അധിദേവത |
അധിപഗ്രഹം |
|
1 |
കിഴക്ക് |
ഇന്ദ്രന്‍ |
സൂര്യന്‍ |
|
2 |
തെക്കുകിഴക്ക് |
അഗ്നി |
ശുക്രന്‍ |
|
3 |
തെക്ക് |
യമന്‍ |
ചൊവ്വ |
|
4 |
തെക്കുപടിഞ്ഞാറ് |
നിരൃതി |
രാഹു |
|
5 |
പടിഞ്ഞാറ് |
വരുണന്‍ |
ശനി |
|
6 |
വടക്കുപടിഞ്ഞാറ് |
വായു |
ചന്ദ്രന്‍ |
|
7 |
വടക്ക് |
സൌമ്യന്‍ |
ബുധന്‍ |
|
8 |
വടക്കുകിഴക്ക് |
ബ്രഹ്മന്‍ |
വ്യാഴം |
നവമശ്ചൈവ വിജ്ഞേയോ ധൂമകേതുര്‍ മഹാഗ്രഹഃ
യുഗഗ്രഹാ ന ചാന്യേതേ തത്രാഷ്ടൌ ദിഗ്രഹാഃ സ്മൃതാഃ
(അഥര്‍വ്വവേദപരിശിഷ്ടം)
(8 ഗ്രഹങ്ങളെ മുകളില്‍ പറഞ്ഞുവല്ലോ) ഒന്‍പതാമത്തെ ഗ്രഹമാണ് (രാഹുപുച്ഛം എന്നെണ്ണുന്ന) ധൂമകേതു (അഥവാ കേതു). ഇവ ഒന്‍പതും യുഗഗ്രഹങ്ങള്‍ എന്ന പേരില്‍ പ്രസിദ്ധങ്ങളാണ്. (യുഗാദിയെ സൂചിപ്പിക്കുകയാലാണ് ഈ 9 ഗ്രഹങ്ങളെ യുഗഗ്രഹങ്ങള്‍ എന്നു പേരുവിളിയ്ക്കുന്നത്. (ഗ്രഹങ്ങളുടെ മധ്യമഗതി പരിഗണിച്ചുള്ള ഗണിതപ്രകാരം) യുഗാദിയില്‍ 7 ഗ്രഹങ്ങള്‍ മേഷരാശിയുടെ ആരംഭത്തില്‍ ഒത്തുചേരുന്നു. രാഹു കര്‍ക്കിടക-ചിങ്ങ സന്ധിയിലും, കേതു മകര-കുംഭ സന്ധിയിലും സ്ഥിതിചെയ്യുന്നു. ഇപ്രകാരമാണ് ഗ്രഹങ്ങളുടെ മധ്യമഗതി പരിഗണിച്ചുള്ള ഗണിതപ്രകാരം രാശിചക്രത്തിലെ യുഗാദി ഗ്രഹസ്ഥിതി.) ഇവയില്‍ ആദ്യം പറഞ്ഞ 8 എണ്ണത്തെ ദിഗ്രഹങ്ങള്‍ (യഥാക്രമം എട്ടു ദിക്കുകളെ സൂചിപ്പിക്കുന്ന ഗ്രഹങ്ങള്‍) എന്നു പറയുന്നു.
സനക്ഷത്രേഷു മാര്‍ഗേഷു ദൃശ്യന്തേ തു യുഗഗ്രഹാഃ
വിഭ്രാന്തമണ്ഡലാ ശേഷാ ദൃശ്യന്തേ ഖചരാ ഗ്രഹാഃ
(അഥര്‍വ്വവേദപരിശിഷ്ടം)
ഈ 9 യുഗഗ്രഹങ്ങളും നക്ഷത്രമാര്‍ഗത്തില്‍ (നക്ഷത്രമാര്‍ഗം എന്നു പേരുവിളിക്കപ്പെടുന്ന സൂര്യന്റെ പരിക്രമണവൃത്തത്തില്‍, Ecliptic-ല്‍ കൂടി സഞ്ചരിക്കുന്നതായി) കാണപ്പെടുന്നു.
കൂഷ്മാണ്ഡവദ്വിസംഛന്നാസ്ത്രിനവാ ദക്ഷിണേ പഥി
ഏകാദശൈവ വിജ്ഞേയാ ദ്വാദശാദിത്യസംഭവാഃ
(അഥര്‍വ്വവേദപരിശിഷ്ടം)
(ഭൂമി മത്തങ്ങയുടെ ആകൃതിയിലാക കാരണം) മത്തങ്ങയുടെ ആകൃതിയില്‍ മറഞ്ഞു കാണപ്പെടുന്ന (ഗണിതത്തിലൂടെ മാത്രം വെളിവാകുന്ന) ഈ നക്ഷത്രമാര്‍ഗത്തില്‍ 27 നക്ഷത്രങ്ങള്‍ ഉണ്ട്. 12 സൂര്യന്മാരില്‍ നിന്നാണ് അവ ജനിയ്ക്കുന്നത്. (27 നക്ഷത്രങ്ങള്‍ സൂര്യചലനത്താലുണ്ടാകുന്ന 12 രാശികളിലായാണ് ചിതറിക്കിടക്കുന്നത്). (രാശിചക്രസ്ഥമായ) മേല്‍പറഞ്ഞ നക്ഷത്രങ്ങളില്‍ 11 എണ്ണം ദക്ഷിണാര്‍ദ്ധഗോളത്തിലാണ്. (ശേഷിക്കുന്ന 16 എണ്ണം ഉത്തരാര്‍ദ്ധഗോളത്തിലാണ്. ഭൂമധ്യരേഖയുടമായി താരതമ്യം ചെയ്താല്‍ രാശിചക്രത്തിനുണ്ടാകുന്ന 23.5 ഡിഗ്രി ചരിവാണ് ഇപ്രകാരം സംഭവിക്കുന്നതിനു കാരണം)
സൂര്യവര്‍ചനിരീക്ഷാസ്തേ തേജോധാതുമയാ ഗ്രഹാഃ
ദക്ഷയജ്ഞേ തു രുദ്രസ്യ ക്രോധാദേതേ തു നിസൃതാഃ
(അഥര്‍വ്വവേദപരിശിഷ്ടം)
സൂര്യതേജസ്സിനാല്‍ നിരീക്ഷിക്കപ്പെടുന്നവയാണ് (സൌരയൂധത്തില്‍ ഉള്‍പ്പെട്ടു വരുന്നവയാണ്) മേല്‍പറഞ്ഞ 9 ഗ്രഹങ്ങള്‍. ദക്ഷയജ്ഞത്തില്‍ രുദ്രന്റെ (ശ്രീ പരമേശ്വരന്റെ) ക്രോധത്തില്‍ നിന്നാണ് ഈ ഗ്രഹങ്ങള്‍ ഉണ്ടായത്. (സൌരയുഥം സൃഷ്ടിക്കപ്പെട്ടപ്പോള്‍ സൂര്യനില്‍ നിന്ന് ചിതറിത്തെറിച്ചവയാണ്, സൂര്യനില്‍നിന്ന് ഉത്ഭവിച്ചവയാണ് ഈ ഗ്രഹങ്ങള്‍ എന്നര്‍ത്ഥം.)
രോഹിണി നക്ഷത്രസ്ഥമായ പ്രജാപതിയാണ് ദക്ഷന്‍. രോഹിണിയുടെ സ്വരൂപം ആടാണെന്നാണ് പണ്ടുകാലത്ത് കരുതിയിരുന്നത് (പ്രാചീന പശ്ചാത്യ സങ്കല്‍പവും അപ്രകാരം തന്നെ). അതിനാലാണ് ദക്ഷന്‍ ആടിന്റെ തലയുള്ളവനാകുന്നത്. ദക്ഷപുത്രിമാരാണ് 27 നക്ഷത്രങ്ങള്‍. രോഹിണി നക്ഷത്രത്തിന്റെ മധ്യബിന്ദുവിനെ ആധാരമാക്കിയാണ് 3 ഡിഗ്രി 20 മിനിട്ട് വീതം വരുന്ന, 108 നക്ഷത്രപാദങ്ങളായുള്ള രാശിചക്രത്തിന്റെ വിഭജനം. രോഹിണിമധ്യത്തുനിന്ന് മൂലം നക്ഷത്രാരംഭത്തിലേയ്ക്കു വരയ്ക്കുന്ന രേഖയാണത്രേ നക്ഷത്രഖണ്ഡവിഭജനത്തിനാധാരം. രോഹിണി യോഗതാരയ്ക്കോ മൂലം യോഗതാരയ്ക്കോ അധികം സ്ഥാനഭ്രംശമില്ലെന്നതാവാം രാശിചക്രവിഭജനത്തിനും, നക്ഷത്രചക്രവിഭജനത്തിനും അവയെ ആധാരമാക്കി സ്വീകരിച്ചതിനുള്ള കാരണം, അഥവാ മൂലം യോഗതാര ഗാലക്സി സെന്ററിന് (ആകാശഗംഗയുടെ കേന്ദ്രത്തിന്) സമീപസ്ഥമാണ് എന്നതാവാം കാരണം. ഏതായാലും ശരി സൂര്യനാണ് ദക്ഷയജ്ഞത്തിലെ രുദ്രന്‍ (ശിവന്‍). സൂര്യനില്‍ നിന്ന് ഗ്രഹങ്ങള്‍ സൃഷ്ടിക്കപ്പെട്ട ആ ദക്ഷയജ്ഞമാണ് രാശിനക്ഷത്രാദി സങ്കല്‍പങ്ങളുടെ ഉത്ഭവത്തിനും, നക്ഷത്രമാര്‍ഗാദി (നക്ഷത്രചക്രം) സങ്കല്‍പങ്ങള്‍ക്കും കാരണായിത്തീര്‍ന്നത്. സൂര്യനാണ്, ഊര്‍ജ്ജമാണ് മഹേശ്വരനെങ്കില്‍ (ശിവനെങ്കില്‍) പ്രകൃതിയാവാം, ദ്രവ്യമാവാം ഉമ (സതി). ആ ദക്ഷയജ്ഞത്തില്‍ സതി ഭസ്മമായി (ചിതറിത്തെറിച്ച് ഗ്രഹങ്ങളായി), ശിവന്‍ (സൂര്യന്‍) താണ്ഡവമാടി! ഊര്‍ജ്ജസംഘാതത്തിന്റെ ദ്രുതതാളത്തില്‍ സൌരയുഥം (സൂര്യനും ഗ്രഹാദികളും) സൃഷ്ടിക്കപ്പെട്ടതിന്റെ കാവ്യഭാഷ്യമാവാം ദക്ഷയജ്ഞം എന്ന സങ്കല്‍പം.
സര്‍വ ഏവ തു വിജ്ഞേയാ ഗ്രഹാ മന്ദഫലോദയാഃ
സര്‍വേഷാം പൈതൃകം കര്‍മ പ്രജാഭാഗ്യോദ്ഭവം മഹത്
സര്‍വേ തേ സര്‍വതോ ഹന്യുരശുഭം യദ്വദന്തി ച
തത് കര്‍മ-ജന്മ മാഹാത്മ്യം ശീലാഭിജനമേവ ച
തദ്രൂപാംസ്തദ്ഗുണാംശ്ചാപി തന്മയാംസ്തത്പരിഗ്രഹാന്‍
(അഥര്‍വ്വവേദപരിശിഷ്ടം)
മേല്‍പറഞ്ഞ ഗ്രഹങ്ങളെല്ലാം ഏവരുടെയും ശുഭാശുഭഫലങ്ങളെ സൂചിപ്പിക്കുന്നവയാണ്, ഏവരുടെയും പാരമ്പര്യസിദ്ധമായ (പൂര്‍വജന്മജനിതമായ) കര്‍മ്മഫലത്തെയും, (ഏതുകാലത്ത്) മഹത്തായ ഭാഗ്യോത്ഭവം (ജീവിതത്തിലെ നല്ല കാലം) ഉണ്ടാവും എന്നതിനെയും സൂചിപ്പിക്കുന്നവയാണ്. ആ ഗ്രഹങ്ങളെല്ലാം മരണം തുടങ്ങിയ ദോഷഫലങ്ങളെയും, പലരൂപത്തില്‍ പറയപ്പെടുന്ന മറ്റനേകം അശുഭഫലങ്ങളെയും ഉണ്ടാക്കാന്‍ കെല്‍പുള്ളവയാണ്, തൊഴിലിന്റെ മേന്മയും, ജന്മത്തിന്റെ (ജാതി, സാഹചര്യം മുതലായവയുടെ) മേന്മയും, ശീലങ്ങളും (ദുഃശീലങ്ങളും, നല്ല ശീലങ്ങളും) മനസ്സിലാക്കാന്‍ സഹായിക്കുന്നവയാണ്. ജാതകന്റെ സൌന്ദര്യാദി രൂപഗുണങ്ങളും, സ്വാഭാവഗുണവും, ആത്മഗുണവും ഈ ഗ്രഹങ്ങളക്കൊണ്ടുതന്നെ (ജ്യോതിഷം കൊണ്ടുതന്നെ) മനസ്സിലാക്കാന്‍ സാധിക്കും.
അഥര്‍വ്വവേദ പരിശിഷ്ടത്തിന്റേതായ പ്രാചീനകാലത്ത്, ബിസി 1400-നു സമീപസ്ഥമോ അതിനുമുമ്പോ ഉള്ള കാലത്തുതന്നെ ഭാരതത്തില്‍ ജ്യോതിഷം നിലനിന്നിരുന്നുവന്നും, രാശി-നക്ഷത്ര-ഗ്രഹ-നിമിത്താദികളെല്ലാം ഉപയോഗിത്തിലിരുന്നുവെന്നും സുവ്യക്തമായി മനസ്സിലാക്കാന്‍, പ്രാചീന ഭാരതീയ മനീഷികളുടെ അറിവിന്റെ ആഴത്തെക്കുറിച്ച് ആശ്ചര്യംകൊള്ളാനും, അവരര്‍ഹിക്കുന്ന ആദരം പകര്‍ന്നു നല്‍കാനും, ഇത്രയും മതിയാവുമെന്നു കരുതുന്നു.
NB: ഇത്രയും വായിച്ചു കഴിഞ്ഞതിനുശേഷവും നിങ്ങള്‍ക്കു തോന്നുണ്ടോ വേദകാലത്ത് രാശീ സങ്കല്‍പമില്ലാതിരുന്നുവെന്ന്, വേദകാലത്തെ ഭാരതീയര്‍ക്ക് ജ്യോതിഷം അറിയില്ലായിരുന്നുവെന്ന്? അങ്ങനെയെങ്കില്‍ നിങ്ങള്‍ക്കെന്തോ കുഴപ്പമുണ്ട്, നിങ്ങള്‍ സാമാന്യബുദ്ധി മരവിച്ചുപോയ, പാശ്ചാത്യന്‍ പറഞ്ഞില്ലെങ്കില്‍ ഒന്നും വിശ്വസിക്കാനോ മനസ്സിലാക്കാനോ കഴിവില്ലാത്ത, മന്ദബുദ്ധിയായ, ഒരു യുക്തിവാദിയാവാനാണിട. ഒരു മനഃശാസ്ത്രജ്ഞനെ കാണുന്നതും അപകര്‍ഷതാബോധം മാറ്റാനും, സാമാന്യബുദ്ധി വികസിക്കാനും, ചികിത്സ തേടുന്നതും നന്നായിരിക്കും. ശിരസ്സില്‍ തളം വയ്ക്കുക, ബ്രഹ്മി കഴിക്കുക ഇത്യാദി ആയുര്‍വേദ ചികിത്സാവിധികളും പരീക്ഷിക്കാവുന്നതാണ്.
You are not authorised to post comments.