പുതുമന സോമയാജി - പ്രശ്നമാര്‍ഗകാരന്റെ ശിഷ്യന്‍

1 1 1 1 1 1 1 1 1 1 Rating 5.00 (1 Vote)

ലേഖകന്‍ - ശ്രീനാഥ് ഒജി

കണ്ണൂരില്‍ ജീവിച്ച പ്രശ്നമാര്‍ഗകര്‍ത്താവിന്റെ വാര്‍ദ്ധക്യകാലത്ത് അദ്ദേഹത്തിന്റെ സമീപമെത്തി ശിഷ്യപ്പെട്ട ഒരു ചെറുപ്പക്കാരനായ തൃശൂര്‍കാരനാണ് പില്‍ക്കാലത്ത് ജാതകാദേശമാര്‍ഗം തുടങ്ങി നിരവധി ഗ്രന്ഥങ്ങള്‍ എഴുതിയ സുപ്രസിദ്ധനായ പുതുമന സോമയാജി. (https://en.wikipedia.org/wiki/Puthumana_Somayaji)

ഇദ്ദേഹത്തിന്റെ ജീവിതകാലത്തെക്കുറിച്ച് സംശയോച്ഛേദിയായ തെളിവുനല്‍കുന്ന ഒരു ശ്ലോകം താഴെച്ചേര്‍ക്കുന്നു.

പ്രശ്‌നായത്തിലെ 10-ാം അയനത്തിലെ 16-ാം ശ്ലോകം ആ പുസ്തകത്തിന്റെ രചനാകാലം നിര്‍ണയിക്കാന്‍ സഹായകമാണ്. കലിവര്‍ഷം 4982 ലാണ് (രാജധവാഃ) അതായത് കൊല്ലവര്‍ഷം 1056, എ. ഡി, 1881-ലാണ്, ഈ പുസ്തകത്തിന്റെ രചനാകാലം എന്ന് ഈ ശ്ലോകത്തില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കും.

മദ്ധ്യാരണ്യദ്വിജാസ്യാദ് വിഗളിത ഇഹ യഃ പ്രശ്‌നമാര്‍ഗ്ഗേ മരാദൗ
കോളംബേ ഛാത്രശിഷ്യോ(അ)സ്യ ച വിരചിതവാന്‍ ജാതകാദേശരത്‌നം
തച്ഛിഷ്യസ്യാനുമത്യാ സ്ഥലിപുരനിയസ്യായനം പ്രശ്‌നതോ(അ)സൗ
സൃപ്രാദേശാധിവാസീ വ്യരചയമഹമപ്യുത്തമഃ പൂരുഷാണാം

(അയനം 15 ശ്ലോകം 41)

യാതൊരു ഇടയ്ക്കാടു ബ്രാഹ്മണനില്‍നിന്നാണോ (പനയ്ക്കാട്ടു നമ്പൂതിരിയില്‍നിന്ന്) കൊല്ലവര്‍ഷം 825-ല്‍ പ്രശ്‌നമാര്‍ഗ്ഗം നിര്‍ഗ്ഗളിച്ചത്, അദ്ദേഹത്തിന്റെ ശിഷ്യന്റെ ശിഷ്യന്‍ (മുക്കാട്ടു നാരായണന്‍ ഇളയത്) ജാതകാദേശരത്‌നം രചിച്ചു. (തൃശൂര്‍ ജില്ലയിലെ) അദ്ദേഹത്തിന്റെ ശിഷ്യന്‍ (അതായത് കുട്ടലേടത്തു പുരുഷത്തമന്‍ മൂത്തത് എന്ന പ്രശ്‌നായനകര്‍ത്താവ്), തൃപ്രയാറില്‍ ജനിച്ച് (കണ്ണൂര്‍ ജില്ലയിലെ) ജീവിച്ചിരുന്ന കാലത്ത്, അദ്ദേഹത്തിന്റെ (മുക്കാട്ടു നാരായണന്‍ ഇളയതിന്റെ) അനുമതിയോടുകൂടി, ഈ ഉത്തമഗ്രന്ഥം രചിച്ചു.

പുരുഷോത്തമന്‍ എന്നാണ് പ്രശ്‌നായനകര്‍ത്താവിന്റെ പേര് എന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം. കൈയ്യെഴുത്തു പ്രതിയുടെ അവസാന ഭാഗത്ത് അദ്ദേഹത്തിന്റെ മുഴുവന്‍ പേര് നല്‍കിയിരിക്കുന്നത് കുട്ടലേടത്തു പുരുഷോത്തമന്‍ മൂത്തത് എന്നാണ്. അദ്ദേഹം സൃപ്രാദേശത്താണ് ജനിച്ചത്. വടക്കുംകൂര്‍ രാജരാജവര്‍മ്മയുടെ അഭിപ്രായത്തില്‍ ഇത് (തൃശൂര്‍ ജില്ലയിലുള്ള) തൃപ്രയാറാണ്. സ്ഥാലീപുരത്താണ് (തളിപ്പറമ്പ്) ജീവിച്ചത്. പ്രശ്‌നമാര്‍ഗ്ഗം രചിക്കപ്പെട്ടത് കൊല്ലവര്‍ഷം 825 ല്‍ (മരാദൗ കോളംബേ) ആണ്. അതായത് എഡി 1650 - ല്‍. കണ്ണൂര്‍ എടയ്ക്കാട് ഗ്രാമത്തില്‍ പനക്കാട്ട് ഇല്ലത്തെ നമ്പൂതിരിയാണ് പ്രശ്‌നമാര്‍ഗ്ഗം രചിച്ചത്. പ്രശ്‌നമാര്‍ഗ്ഗകര്‍ത്താവിന്റെ ശിഷ്യന്റെ ശിഷ്യനും ജാതകാദേശരത്‌നം എന്ന പുസ്തകം എഴുതിയതുമായ വ്യക്തി മുക്കാട്ട് നാരായണന്‍ ഇളയതാണ്. ഇദ്ദേഹത്തിന്റെ ജീവിതകാലം കൊല്ലവര്‍ഷം 940 മുതല്‍ 1017 (എഡി1765 1842 ) വരെ ആയിരുന്നു. പുരുഷോത്തമ സോമയാജിയുടെ പ്രസിദ്ധമായ ജാതകാദേശം (ജാതകാദേശമാര്‍ഗ്ഗം) എന്ന കൃതിയെ അടിസ്ഥാനമാക്കിയാണ് ജാതകാദേശരത്‌നം രചിക്കപ്പെട്ടത്. പ്രശ്‌നായനം രചിച്ച പുരുഷോത്തമന്‍ ജാതകാദേശരത്‌നകര്‍ത്താവായ മുക്കാട്ട് നാരാണന്‍ ഇളയതിന്റെ ശിഷ്യനാണ്. പ്രശ്‌നായനകര്‍ത്താവ് ജീവിച്ചത് തൃപ്രയാറിനു സമീപസ്ഥമായ തളിപ്പറമ്പിലാണ്. (തൃശൂരുകാരനായ പുതുമന സോമയാജി കണ്ണൂരില്‍ വന്ന് പനയ്ക്കാട് നമ്പൂതിരിയില്‍ നിന്നു ജ്യോതിഷം പഠിച്ചു എന്നതും, അദ്ദേഹത്തിന്റെ പ്രശിഷ്യനും പ്രശ്നായനകര്‍ത്താവുമായ കുട്ടിലേടത്തു പുരുഷോത്തമന്‍ മൂത്തതും കണ്ണൂര്‍ തളിപ്പറമ്പില്‍ ജീവിച്ച തൃശൂര്‍കാരനാണെന്നതും ശ്രദ്ധേയം തന്നെ!)

തന്റെ ഗുരുവും ജാതകാദേശരത്‌നം രചിച്ചയാളുമായ കുട്ടലേടത്തു പുരുഷോത്തമന്‍ മൂത്തതിനെക്കുറിച്ചും, അദ്ദേഹത്തിന്റെ ഗുരുവും ജാതകാദേശകര്‍ത്താവുമായ പുരുഷോത്തമ സോമയാജിയെക്കുറിച്ചും മറ്റു ചില ശ്ലോകങ്ങളിലും പ്രശ്‌നായനകര്‍ത്താവ് സൂചിപ്പിക്കുന്നുണ്ട്. ഈ പരാമര്‍ശങ്ങളില്‍ നിന്നും പ്രശ്‌നമാര്‍ഗ്ഗകര്‍ത്താവിന്റെ ശിഷ്യനാണ് ജാതകാദേശകര്‍ത്താവായ പുരുഷോത്തമ സോമയാജി എന്നു മനസ്സിലാക്കാം.

//The date of composition of Karanapaddhati is given in the concluding verse by a chronogram which can be translated as 1732 CE. K. V. Sarma has argued for accepting this date as the most probable date of composition of Karanapaddhati.// (Wikipedia)

കെവി ശര്‍മ്മയുടെ നിഗമനം വളരെ ശരിയാണ്. ഏകദേശം 1640-നും 1750-നും മധ്യേയുള്ള കാലഘട്ടത്തില്‍ ജീവിച്ചിരുന്ന പണ്ഡിതരത്നമാണ് ജാതകാദേശമാര്‍ഗകര്‍ത്താവും, പ്രശ്നമാര്‍ഗാചാര്യന്റെ ശിഷ്യനുമായ പുതുമന പുരുഷോത്തമസോമായാജി.

മുകളില്‍ സൂചിപ്പിച്ചതുപോലെ പുതുമന സോമയാജിയുടെ (ജാതകാദേശമാര്‍ഗകര്‍ത്താവിന്റെ) ശിഷ്യപ്രശിഷ്യപരമ്പര വളരെ പ്രസിദ്ധമാണ്. മംഗലശ്ശേരിയിലെ ദാമോദരന്‍ നമ്പൂതിരിയില്‍ നിന്നും, പ്രശ്നമാര്‍ഗകര്‍ത്താവായ പനക്കാട് നമ്പൂതിരിയിലേക്കും, അവിടെ നിന്നും ജാതാദേശമാര്‍ഗകര്‍ത്താവായ പുതുമന പുരുഷോത്തമ സോമായജിയിലേക്കും, അവിടെനിന്നും ജാതകാദേശരത്നകര്‍ത്താവായ മുക്കാട്ട് നാരായണന്‍ ഇളയതിലേക്കും, അവിടെനിന്നും പ്രശ്നായനകര്‍ത്താവായ കുട്ടലേടത്തു പുരുഷോത്തമന്‍ മൂത്തതിലേക്കും എന്നിങ്ങനെ ഒഴുകിയ ഈ ഗുരുശിഷ്യപരമ്പര പില്‍ക്കാലത്ത് പ്രശ്നമാര്‍ഗത്തിന് ഉപരത്നശിഖാ വ്യാഖ്യാനം രചിച്ച പുന്നശ്ശേരി നമ്പി നീലകണ്ഠശര്‍മ്മയിലേക്കും, പയ്യന്നൂര്‍ വിപികെ പൊതുവാളിലേക്കും മറ്റും ഒഴുകിപ്പരക്കുന്നു. 400 വര്‍ഷത്തിലധികം അനര്‍ഗളമായി അനുസ്യൂതം കണ്ണിമുറിയാതെ ഒഴുകിപ്പരന്ന ഈ ഗുരുശിഷ്യപരമ്പര ഒരു അതിശയം തന്നെയാണ്.

You are not authorised to post comments.

Comments powered by CComment