ലമ്പാകജ്യോതിഷവും ഗ്രഹങ്ങളുടെ ശത്രുമിത്രത്വവും
- Details
- Created: Thursday, 06 April 2017 15:28
- Last Updated: Thursday, 06 April 2017 15:39
- Hits: 822
ലേഖകന്‍ - ശ്രീനാഥ് ഒജി
സൂര്യാദിഗ്രഹങ്ങളുടെ ശത്രുമിത്രത്വം പറയുന്നു. ലമ്പാകജ്യോതിഷപ്രകാരമുള്ള ഈ ശത്രുമിത്രത്വകല്‍പനയില്‍ സമന്‍ എന്ന സങ്കല്‍പമില്ല.
ഗുരു, ഗുരുജ്ഞൗ, ശുക്രജ്ഞൗ, വ്യർകാ, വ്യാരാശ്ച, വീന്ദുനാ
വ്യർകേ ദ്വേ, വനീജാ സൂര്യാത് സുഹൃദൈഃ രിപവഃ പരഃ.
(ലമ്പാകജ്യോതിഷം)
സൂര്യന് വ്യാഴം മിത്രം, ചന്ദ്രന് വ്യാഴവും ബുധനും മിത്രങ്ങള്‍, ചൊവ്വയ്ക്ക് ശുക്രനും ബുധനും മിത്രങ്ങള്‍, ബുധന് സൂര്യനൊഴികെ മറ്റുള്ളവര്‍ മിത്രങ്ങള്‍, വ്യാഴത്തിന് ചൊവ്വയൊഴികെ മറ്റുള്ളവര്‍ മിത്രങ്ങള്‍, ശുക്രന് സൂര്യനും ചന്ദ്രനും ഒഴികെ മറ്റുള്ളവര്‍ മിത്രങ്ങള്‍, ശനിക്ക് ശുക്രനൊഴികെ മറ്റുള്ളവര്‍ മിത്രങ്ങള്‍. ഇവിടെ മിത്രങ്ങളെന്നു പറയപ്പെടാത്തവയെല്ലാം ഈ ഗ്രഹങ്ങള്‍ക്ക് ശത്രുക്കളാണ്.
ഇക്കാര്യം മറ്റുള്ളവരടെ (യവനാദികളുടെ) അഭിപ്രായം എന്നിങ്ങനെ ബൃഹജ്ജാതകത്തിലും, മയ-യവന-മണിന്ഥ-അത്രി-സത്യാദികളുടെ (ഭാരതബാഹ്യസ്ഥരായ ജ്യോതിഷികളുടെ) അഭിപ്രായം എന്നിങ്ങനെ ശശാങ്കശാരദീയത്തിലും പറയപ്പെട്ടിട്ടുണ്ട്. ഉദാഹരണവശേന ബൃഹജ്ജാതകത്തിലെ ശ്ലോകം താഴെച്ചേര്‍ക്കുന്നു.
ജീവോ ജീവബുധൗ, സിതേന്ദുതനയൗ, വൃര്‍ക്കാ, വിഭൗമാഃ ക്രമാ-
ദ്വിന്ദ്വര്‍ക്കാ, വികുജോന്ദ്വിനാശ്ച സുഹൃദഃ കേഷാഞ്ചിദേവം മതം.
(ബൃഹജ്ജാതകം)
ആദിത്യന് ഗുരുവും, ചന്ദ്രന് ഗുരുവും ബുധനും, ചൊവ്വയ്ക്ക് ശുക്രനും ബുധനും, ബുധന് ആദിത്യനൊഴികെ ശേഷമുള്ളവരും വ്യാഴത്തിന് ചൊവ്വ ഒഴികെ ശേഷമുള്ളവരും ശുക്രന് ആദിത്യചന്ദ്രന്മാരൊഴികെ ശേഷമുള്ളവരും ശനിക്കു ചൊവ്വയും ചന്ദ്രനും ആദിത്യനുമല്ലാതെ ശേഷമുള്ളവരും ബന്ധുക്കളായി ഭവിക്കുന്നു എന്നു ചിലരുടെ അഭിപ്രായമാകുന്നു.
ഇവിടെ ചിലര്‍ എന്നു സൂചിപ്പിക്കപ്പെട്ടിരിക്കുന്നത് മയ-യവന-മണിന്ഥ-അത്രി-സത്യാദി മുഖ്യന്മാരായ ഭാരതബാഹ്യദേശത്ത് (പ്രത്യേകിച്ചും പാക്കിസ്ഥാന്‍-അഫ്ഘാനിസ്ഥാന്‍ അതിര്‍ത്തിയിലൂടെ നീണ്ടുപടര്‍ന്നുകിടക്കുന്ന പാരിയാത്ര (ഹിന്ദുക്കുഷ് ) മലനിരകളുടെ നദീയുക്തമായ താഴ്വരകളില്‍) ജീവിച്ച ആചാര്യന്മാര്‍ എന്ന് മനസ്സിലാക്കേണ്ടതാണ്.
//Hindukush is a mountain range that stretches near the Afghan-Pakistan border, from central Afghanistan to northern Pakistan. // ഈ മലനിരകളെ ഹിന്ദുക്കുഷ് എന്നു വിളിക്കുന്നത് നമുക്ക് അപമാനമാണോ? ഹിന്ദുവിനെ കൊല്ലുന്നത് എന്നാണ് ഹിന്ദുക്കുഷ് എന്ന വാക്കിന് അര്‍ത്ഥം എന്ന് ചിലര്‍ പറയുന്നു. മറ്റുചിലരാവട്ടെ അമ്മ കുഞ്ഞിനെ മാറോടണച്ച് പിടിക്കുന്നതുപോലെ ഹിന്ദുമതത്തെ മാറോടണച്ചു പിടിക്കുന്നതാകയാലാണ് ഈ പര്‍വതനിരകള്‍ക്ക് ഹിന്ദുക്കുഷ് എന്നു പേരു ലഭിച്ചതെന്ന് അഭിപ്രായപ്പെടുന്നു. അഫ്ഘാനിസ്ഥാനിലെ ഈ മലനിരകള്‍ ഭാരതത്തിന്റെ തുടര്‍ച്ചയായിരുന്നു, ഹിന്ദുവിന്റെ വാസസ്ഥാനമായിരുന്നു, താന്ത്രികമതവും ക്ഷേത്രാചാരവും സൂര്യാരാധനയും പിന്തുടര്‍ന്ന കാംബോജരാജ്യമായിരുന്നു. ഈ പര്‍വതനിരകളില്‍ വസിച്ചിരുന്ന ഹിന്ദുക്കളെ, കൊന്നുതള്ളിയ മുസ്ലീം ആക്രമണകാരികളാണ്, ഈ മലനിരകള്‍ക്ക് ഹിന്ദുക്കുഷ് എന്നു പേരുനല്‍കിയത് എന്ന് ചിലര്‍ പറയുന്നു. //It must be remembered that the earliest reference of the name Hindu Kush and its literal meaning 'Hindu Killer' comes from Ibn Battutah in 1333 AD. //
ഈ മലനിരകളുടെ പഴയപേര് പാരിയാത്ര പര്‍വ്വതം എന്നാണ്. ഈ മലനിരകളിലെ ഇടനാഴികളിലൂടെയാണ് പരദേശയാത്ര നടത്തിയിരുന്നത് എന്നതിനാലാവാം പണ്ട് ഈ പര്‍വതത്തിന് പാരിയാത്രപര്‍വം എന്നു പേരു കിട്ടിയത്. മഹാഭാരതം ഈ പര്‍വതത്തെ പാരിയാത്രപര്‍വ്വതം എന്നാണ് വിളിക്കുന്നത്.
ഗ്രഹങ്ങളുടെ ശത്രുമിത്രത്വത്തെക്കുറിച്ച് ജ്യോതിഷത്തിലെ വിഭിന്ന സമ്പ്രദായങ്ങളില്‍ വിഭിന്നങ്ങളായ സങ്കല്‍പങ്ങളുണ്ട്. ഏതു സമ്പ്രദായമാണോ പിന്തുടരുന്നത് അതിനെ മാത്രം അടിസ്ഥാനമാക്തി ചിന്തിക്കുകയാണ് വേണ്ടത്. ജ്യോജിഷത്ത അവിയലാക്കുത്.
പലപ്പോഴും ചരിത്രപഠനത്തെ ചരിത്രപഠനമായി കാണാനുള്ള വെളിവ് ആളുകള്‍ക്ക് ഇല്ല. ലമ്പാകജ്യോതിഷം പോലുള്ള ജ്യോതിഷസംബന്ധിയായ പുസ്തകങ്ങള്‍ ചരിത്രപഠനത്തിന്റെ ദൃഷ്ടികോണില്‍ പ്രധാനപ്പെട്ടതാണെങ്കിലും, അത്തരം പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കപ്പെടുന്നത് ഇപ്പോള്‍ തന്നെ അവിയല്‍ പരുവത്തിലുള്ള ജ്യോതിഷത്തില്‍ കൂടുതല്‍ കണ്‍ഫ്യൂഷന്‍സ് ഉണ്ടാവാന്‍ കാരണമായിത്തീരുമെന്നും, സമ്പ്രദായങ്ങള്‍ കൂട്ടിക്കുഴയ്ക്കുന്ന വെളിവുകേടാണ് സാധാരണ ജ്യോതിഷികള്‍ പിന്തുടരുന്നതെന്നും (ആധുനികവര്‍ഗ്ഗാചാര്‍ട്ടുകളും ജൈമിനി/പരാശരി സമ്പ്രദായങ്ങളെ ആര്‍ഷരീതികളുമായി കൂട്ടിക്കുഴയ്ക്കുന്നതും എല്ലാം ഉദാഹരണം എന്ന് എന്റെ പക്ഷം) എന്നതെല്ലാം ഓര്‍മ്മിക്കണം. ഒരു രീതിയില്‍ ഒരു ശാസ്ത്രത്തെ നിരീക്ഷിക്കുമ്പോള്‍ അതിന്‍റെ നിയമങ്ങള്‍ പൂര്‍ണ്ണമായി അനുസരിച്ച് തന്നെയാകണം, ഇതരമാര്‍ഗ്ഗമാണെങ്കില്‍ അതിന്‍റെ നിയമങ്ങളും.
തീര്‍ത്തും പരസ്പരവിരുദ്ധമായ പ്രവചനസമ്പ്രദായങ്ങളും ആശയങ്ങളും നിലവിലുള്ള സമ്പ്രദായഭേദങ്ങള്‍ ജ്യോതിഷംപോലുള്ള പ്രാചീനവിജ്ഞാനശാഖകളില്‍ മാത്രമേ കാണാനാവൂ. സത്തും അസത്തും ദൈവം തന്നെ, കലനാത്മകമായതും കലനാത്മകമല്ലാത്തതും കാലം തന്നെ, ക്ഷേത്രാചാരാദികളിലൂടെ വേണമെന്നും അതല്ല എല്ലാം നിഷേധിക്കുന്ന കൌളാദിമാര്‍ഗ്ഗങ്ങളിലൂടെ പറയുന്നതും തന്ത്രം തന്നെ - ചുരുക്കത്തില്‍ വൈരുദ്ധ്യം നമുക്കു പുത്തരിയല്ല. ഇത്തരം വിരുദധമാര്‍ഗ സമ്പ്രദായങ്ങള്‍ ഭാരതത്തില്‍ പണ്ടുമുതലേ പല വിഷയത്തിലും നിലനിന്നിരുന്നു.
You are not authorised to post comments.